Tuesday, December 29, 2009

വേട്ടൈക്കാരന്‍: അതേ നായകന്‍, അതേ നായിക, അതേ വില്ലന്‍...

ഒരിടത്തൊരിടത്തൊരിടത്ത് രവി എന്നു പേരായ ഒരു യുവാവുണ്ടായിരുന്നു. ദേവരാജ് എന്ന ഐ.പി.എസ് ഓഫീസറിന്റെ ആരാധകനായിരുന്ന അവനെ കൂട്ടുകാര്‍ പോലീസ് രവി എന്ന് വിളിച്ചു. നാലാം തവണ എഴുതി പ്ലസ് ടു വിജയിച്ച ശേഷം ദേവരാജ് പഠിച്ച അതേ കോളേജില്‍ ചേരുന്നതിനായ് അവന്‍ നഗരത്തിലേക്ക് പോവുന്നു. വഴിക്ക് വെച്ച് കണ്ട് മുട്ടുന്ന സുശീല എന്ന യുവതിയെ അവന്‍ ഇഷ്ടപ്പെടുന്നു, അവളുടെ വീട്ടുകാര്‍ക്കും അവനെ നന്നേ ബോധിക്കുന്നു. മനോഹരലൊക്കേഷനുകളില്‍ വെച്ചുള്ള ഗാനങ്ങള്‍ക്കും ചുറ്റും നൃത്തമാടിയ സുന്ദരീസുന്ദരന്മാര്‍ക്കും നന്ദി, വലിയ പ്രയാസമേതും കൂടാതെ സുശീലയും അവനെ ഇഷ്ടപ്പെട്ടു തുടങ്ങുന്നു., ഓട്ടോറിക്ഷ ഓടിച്ചാണ് അവന്‍ തന്റെ പഠനചിലവുകള്‍ വഹിച്ചിരുന്നത്. ഇത്തരത്തില്‍ എല്ലാം മംഗളമായ് പോകവേ, ചെല്ല എന്ന ലോക്കല്‍ഗുണ്ടയുടെ കാമകണ്ണുകള്‍ രവിയുടെ സുഹൃത്ത് ഉമയുടെ മേള്‍ പതിക്കുന്നു. ഉമയുടെ അച്ഛനോട് അവന്‍ ഉമയെ ഒരു ദിവസത്തേക്ക് ആവശ്യപ്പെടുന്നു. വിവരമറിഞ്ഞ രവി ചെല്ലയുമായ് സംഘട്ടനത്തിലേര്‍പ്പെടുന്നു, അവനെ ആശുപത്രിയിലേക്കയക്കുന്നു. ചെന്നൈ നഗരത്തിന്റെ അപ്രഖ്യാപിതരാജാവായ ചെല്ലയുടെ അച്ഛന്‍ വേദനായകം “വേദനായകം താന്‍ ഭയം, ഭയം താന്‍ വേദനായകം” എന്ന് രവിയോട് നാടകീയമായ രീതിയിലവതരിപ്പിക്കുന്നു. വേദനായകത്തോട് അതേ തത്ത്വത്തിന്റെ പിന്‍‌ബലത്തില്‍ പ്രതികാരം ചെയ്യാന്‍ രവി ഒരുങ്ങുകയും, വേദനായകത്താല്‍ കുടുംബവും കണ്ണുകളും നഷ്ടപ്പെട്ട ദേവരാജ് രവിയോടൊപ്പം കൂടുകയും ചെയ്യുന്നതോടെ കഥയുടെ പിരിമുറുക്കമേറുന്നു.

Review in English at CinemaOutlook

എത്രയെത്ര സിനിമകള്‍ നമ്മോട് ഈ കഥ പറഞ്ഞിട്ടുണ്ട്? കൈവിരലുകളിലെണ്ണാവുന്നതിമധികം സിനിമകളില്‍ ഞാന്‍ ഈ കഥ പല രീതികളില്‍ ‘കണ്ടിട്ടുണ്ട്’.എ.വി.എം പ്രൊഡക്ഷന്‍‌സിന്റെ ബാനറില്‍ പുതുമുഖം ബാബുശിവന്‍ എഴുതി സംവിധാനം ചെയ്ത് ഇളയദളപതി വിജയ് അഭിനയിച്ച “വേട്ടൈക്കാരന്‍” എന്ന സിനിമയുടെ കഥാതന്തുവും മറ്റൊന്നല്ല.

ആദ്യാവസാനം ഇതൊരു വിജയ് സിനിമയാണ്. പുതുമയേതുമില്ലാത്ത അവതരണത്തില്‍ അധികം കോട്ടുവായകളില്ലാതെ സിനിമ കണ്ടിരിക്കാന്‍ നമ്മെ സഹായിക്കുന്നത് പല പല സിനിമകളില്‍ കണ്ട അതേ വിജയ് ശൈലിയാണ്.

ഒരുപാട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ മദ്ധ്യത്തില്‍ “എന്റെ ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുമോ” എന്ന മട്ടില്‍ പൊക്കിള്‍ക്കൊടിയും കാണിച്ചു തുള്ളി കളിക്കുക എന്നതില്‍ കവിഞ്ഞൊന്നും സിനിമയിലെ നായികയായ അനുഷ്ക ശര്‍മ്മക്ക് ചെയ്യാനില്ല. നായകന്‍ വിജയുമായ് തോന്നിച്ച ചേര്‍ച്ചക്കുറവും സുശീലയെ പെട്ടന്ന് മറക്കാന്‍ നമ്മെ സഹായിക്കും.

ചെല്ലയായ് വരുന്ന രവിശങ്കറും, ദേവരാജായ് വരുന്ന ശ്രീഹരിയും തുറിച്ചു നോക്കുക, ഉറക്കെ ചിരിക്കുക, കോപത്തില്‍ അലറുക, ഉച്ചസ്ഥായിയില്‍ സംസാരിക്കുക എന്നതില്‍ കവിഞ്ഞ് ഒന്നും ചെയ്യുന്നില്ല. ‘താഴ്വാര’ത്തില്‍ നാം കണ്ട സലീം ഗൌസ് വേദനായകമായ് മാറിയിട്ടുണ്ട്. കണ്‍‌കോണുകളിലൊളിപ്പിച്ച് വെച്ച ക്രൂരതയും ചുണ്ടുകള്‍ക്കിടയില്‍ നിന്ന് പുറത്തേക്ക് വരാത്ത ചിരിയും ഈ സ്റ്റീരിയോടൈപ്പ് കഥാപാത്രത്തിന് തുണയാകുന്നു.

കട്ടബൊമ്മന്‍ എന്ന പോലീസുദ്യോഗഥനായ് സായജി ഷിണ്ഡെ ചില നര്‍മ്മമുഹൂര്‍ത്തങ്ങളൊരുക്കുന്നുണ്ട്. മനോബാലയുടെ പത്രപ്രവര്‍ത്തകന്‍, സുകുമാരിയുടെ മുത്തശ്ശി, സചിന്തയുടെ ഉമ എന്നിവര്‍ തരക്കേടില്ല എന്ന് മാത്രം.

ബാബുശിവന്റെ ക്ലീഷേ തിരക്കഥ വേഗത്താലും, വിജയുടെ സാന്നിധ്യം വി.ടി.വിജയന്റെ ചിത്രസംയോജനം, ഗോപിനാഥിന്റെ ക്യാമറ എന്നിയുടേ സഹായത്താലും നമ്മെ അധികം മുഷിപ്പിക്കുന്നില്ല എന്നത് ആശ്വാസം. വിജയ് ആന്റണിയുടെ സംഗീതം എളുപ്പം മറക്കാവുന്നവയാണ്.


+ ഇളയ ദളപതിയുടെ താരസാന്നിധ്യം


- കഥയേതുമില്ലാത്ത കഥ!
- അനുഷ്ക്ക

വാല്‍ക്കഷ്ണം: ബാബുശിവന്‍ എന്ന സംവിധായകന്റെ ആദ്യചിത്രം എന്ന് നിലയിലും വിജയ് ഫാന്‍‌സിന് താരത്തെ വെച്ചു വാഴിക്കാന്‍ വീണ്ടുമൊരു ചിത്രം എന്ന നിലയിലും തരക്കേടില്ല എന്ന പറയാം എന്നല്ലാതെ, സഹൃദയന് ഈ സിനിമ കൊണ്ട് യാതൊന്നും തന്നെ ലഭിക്കുന്നില്ല. സണ്‍ ടിവിയിലോ കലൈഞ്ജര്‍ ടിവിയിലോ വരുമ്പോള്‍ കാണാമെന്നല്ലാതെ തിയേറ്ററില്‍ പോയി ഈ സിനിമ കണ്ട് കാശ് കളയണ്ട എന്നാണ് ദൃശ്യന്റെ അഭിപ്രായം!
`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-
Review in English at CinemaOutlook
Labels: Vettaikaran, Review, , ദൃശ്യന്‍, വേട്ടൈക്കാരന്‍, സിനിമ, സിനിമാ നിരൂപണം, റിവ്യൂ, സിനിമാക്കാഴ്ച

6 comments:

salil | drishyan said...

എ.വി.എം പ്രൊഡക്ഷന്‍‌സിന്റെ ബാനറില്‍ പുതുമുഖം ബാബുശിവന്‍ എഴുതി സംവിധാനം ചെയ്ത് ഇളയദളപതി വിജയ് അഭിനയിച്ച “വേട്ടൈക്കാരന്‍” എന്ന സിനിമയുടെ മുഖ്യപ്രശ്നം പറയാന്‍ ഒരു കഥയില്ല എന്നതാണ്. ബാബുശിവന്‍ എന്ന സംവിധായകന്റെ ആദ്യചിത്രം എന്ന് നിലയിലും വിജയ് ഫാന്‍‌സിന് താരത്തെ വെച്ചു വാഴിക്കാന്‍ വീണ്ടുമൊരു ചിത്രം എന്ന നിലയിലും തരക്കേടില്ല എന്ന പറയാം എന്നല്ലാതെ, സഹൃദയന് ഈ സിനിമ കൊണ്ട് യാതൊന്നും തന്നെ ലഭിക്കുന്നില്ല. സണ്‍ ടിവിയിലോ കലൈഞ്ജര്‍ ടിവിയിലോ വരുമ്പോള്‍ കാണാമെന്നല്ലാതെ തിയേറ്ററില്‍ പോയി ഈ സിനിമ കണ്ട് കാശ് കളയണ്ട എന്നാണ് ദൃശ്യന്റെ അഭിപ്രായം!

കൂടുതല്‍ സിനിമാക്കാഴ്ച യില്‍.

സസ്നേഹം
ദൃശ്യന്‍

Haree said...

ചിത്രത്തില്‍ എനിക്കേറെ ഇഷ്ടപ്പെട്ടത് വിജയ് ആന്റണി സംഗീതം നല്‍കിയ ഗാനങ്ങളാണ്. “കരിഗാലന്‍ കാല...” എന്നു തുടങ്ങുന്ന ഗാനം പ്രത്യേകിച്ച് ഇഷ്ടമായി. പക്ഷെ, നൃത്തസംവിധാനം വല്ലാതെ നിരാശപ്പെടുത്തി. അനുഷ്കയുടെ പൊക്കക്കൂടുതലാണെന്നു തോന്നുന്നു നൃത്തച്ചുവടുകളുടെ രസം കുറയ്ക്കുന്നത്. തൃഷയോ മറ്റോ ആയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു, ഇടയ്ക്കിടെയുള്ള മുഖഭാവങ്ങളൊക്കെ ഇതിലും രസമായേനേ... വിജയുമായുള്ള കെമിസ്ട്രിയും ഫിസിക്സുമൊന്നും അനുഷ്കയ്ക്ക് അങ്ങോട്ട് മാത്തമാറ്റിക്സ് ആവുന്നില്ല! :-) ഫാന്‍സിന്റൊപ്പം തിരക്കില്‍ പെട്ടു കണ്ടാല്‍ സിനിമയ്ക്കൊരു ആനച്ചന്തമൊക്കെ തോന്നിയെന്നിരിക്കും.

അതേ, ഈ ‘ഇളയദളപതി’ എന്നുവെച്ചാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്?
--

രായപ്പന്‍ said...

ഇനിയും മൂക്കാന്‍ ഉണ്ട് എന്ന്.... ഇപ്പോഴും ഇളയതാ!!!!!!! :)

salil | drishyan said...

ഹരീ,
പാട്ടുകള്‍, സിനിമയുടെ കൂടെ കേട്ടതു കൊണ്ടാണോ എന്നറിയില്ല, എനിക്ക് തീരെ പിടിച്ചില്ല... ഫാന്‍സിന്റെ കൂടെയാ ഞാന്‍ കണ്ടത്, അതോണ്ടാവാം ഇത്രയും കൊടുക്കാന്‍ തോന്നിയത്.. :-) . ഇളയദളപതി (വിജയ്‌ക്ക് ഫാന്‍സിട്ട പേര്‍) എന്നാല്‍ ചെറിയപടത്തലവന്‍ എന്നര്‍ത്ഥം...

രായപ്പാ :-(

സസ്നേഹം
ദൃശ്യന്‍

ശ്രീ said...

:)

Suresh Krishna said...

I like your analysis. I am quite new, can you describe the meaning of production quality? How do you analyse it in a movie?