കഥാസംഗ്രഹം:
കോടനാട് എന്ന ദേശത്തുള്ള ജെര്‍മിയാസ് ഫാമിന്റെ ഉടമസ്ഥനായ ജെര്‍മിയാസിന്റെ (തിലകന്) മകനാണ് മാത്യൂസ്. അപ്പനെ കൂടാതെ അമ്മ എല്‍സമ്മയും (കവിയൂര്‍ പൊന്നമ്മ), വല്ല്യമ്മ റാഹേലമ്മയും (സുകുമാരി) അവനോടോപ്പം താമസമുണ്ട്. അധ്വാനിച്ച് സ്വര്‍ഗ്ഗതുല്ല്യമായ് മാറ്റിയ തന്റെ കൃഷിയിടം മാത്യൂസിന്റെ ആനന്ദവും സ്വകാര്യഅഹങ്കാരവുമാണ്. പുഴക്കരയുടെ കണ്ണായ സ്ഥലത്തുള്ള ജെര്‍മിയാസ് ഫാം ഉള്‍പ്പെടെയുള്ള ഭൂമി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ബോംബെക്കാരനായ ഒരു വ്യവസായ പ്രമുഖന് സ്ഥലത്തെ പ്രധാനസ്ഥലകച്ചവടക്കാരനായ ആലുവ ചാണ്ടിയെ (ലാലു അലക്സ്) സമീപിച്ച് 75ലക്ഷം അഡ്വാന്‍സ് കൊടുക്കുന്നു. പക്ഷെ മാത്യൂസ് സ്ഥലം വില്ക്കാന് തയ്യാറാകുന്നില്ല. സ്ഥലം വില്‍പ്പിക്കുന്നതില്‍ മാത്യൂസില്‍ സമ്മര്‍ദ്ദം ചെലുത്താനും നാട്ടുകാരെ കൂടെ നിര്‍ത്തുവാനുമായ് സത്യം മറച്ച് വെച്ച് കോടനാട്ടില്‍ ഒരു ടൌണ്‍ഷിപ്പ് വരുന്നതിലേക്കാണ് തനിക്ക് സഥലം വേണ്ടതെന്ന് ചാണ്ടിയും കൂട്ടരും വാര്‍ത്ത പരത്തുന്നു. സര്‍ക്കാര്‍ ജീവനക്കാരും രാഷ്ട്രീയക്കാരുമെല്ലാം അതേറ്റു പറയുന്നു. തന്റെ സുഹൃത്തായ ബെറ്റ്സിയുടെ (പ്രിയങ്ക) സഹായത്തോടെ മീഡിയയുടെ സഹായവും അഡ്വ. സുനിത (ലക്ഷ്മി റായ്) വഴി നിയമസഹായവും തേടുന്നെങ്കിലും ചാണ്ടിയുണ്ടാക്കുന്ന പുതിയ പുതിയ പ്രശ്നങ്ങള്‍ മാത്യൂസിന്റെ സ്വര്‍ഗ്ഗജീവിതത്തെ നരകതുല്യമാക്കുന്നു. ഏതറ്റം വരെ പോയും മാത്യൂസിന്റെ സ്ഥലം കൈക്കലാക്കാന്‍ ചാണ്ടിയും, ചുറ്റുപാടുള്ളവരെല്ലാം സ്ഥലം വിറ്റീട്ടും നാട്ടുകാരും ബന്ധുക്കളും നിര്‍ബന്ധിച്ചിട്ടും പതിനഞ്ചാം വയസ്സു മുതല്‍ കഷ്ടപ്പെടുന്ന, താന്‍ വിളിച്ചാല്‍ വിളി കേള്‍ക്കുന്ന മണ്ണ് രക്ഷിക്കാന്‍ മാത്യൂസും കച്ചമുറുക്കുന്നതോടെ ‘ഇവിടം സ്വര്‍ഗ്ഗമാണ്’ കൂടുതല്‍ രസകരമാവുന്നു.
അഭിനയം, സാങ്കേതികം:
മോഹന്‍ലാല്‍ എന്ന നടനെ നാം ഇഷ്ടപ്പെടുന്ന സിനിമകള്‍ ഇപ്പോള്‍ വിരളമായേ ഉണ്ടാകാറുള്ളൂ. ഈ വര്‍ഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ സിനിമകളില്‍ റെഡ് ചില്ലീസ്, സാഗര്‍ ഏലിയാസ് ജാക്കി, ഭഗവാന്, ഏഞ്ചല്‍ ജോണ്‍ എന്നിവ ആരും സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത സിനിമകളാണ്. ഭ്രമരത്തിന് ശേഷം മോഹന്‍ലാല്‍ എന്ന നടനെ നാം ഇഷ്ടപ്പെട്ടു പോവുന്ന സിനിമയാണ് ‘ഇവിടം സ്വര്‍ഗ്ഗമാണ്”. മാത്യൂസ് മോഹന്‍ലാലിനായ് മാത്രം സൃഷ്ടിക്കപ്പെട്ട കഥാപാത്രമല്ല, പക്ഷെ മോഹന്‍ലാലിന്റെ ചില (പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന) മാനറിസങ്ങള്‍ മാത്യൂസിന് മിഴിവേകുന്നുണ്ട്. അതിഭാവുകത്വമില്ലാതെ കഥാപാത്രമായ് മാറിയിരിക്കുന്നു ഇവിടെ ഈ മലയാളത്തിന്റെ പ്രിയപ്പെട്ട നടന്.
ഈ സിനിമയുടേ ഹൈലൈറ്റായ് പറയാവുന്ന ഒരു പെര്‍ഫോര്‍മന്‍സാണ് മാത്യൂസിനോടോപ്പം ആദിമധ്യാന്ത്യം നിറഞ്ഞ് നില്കുന്ന കഥാപാത്രമായ ആലുവ ചാണ്ടിയായ് ലാലു അലക്സ് നടത്തിയിരിക്കുന്നത്. അമിതാഭിനയവും ഇളകിയാടലുമില്ലാതെ സരസമായ് റിയല്‍എസ്റ്റേറ്റ്കച്ചവടക്കാരനെ ഫലിപ്പിച്ചിരിക്കുന്നു ഈ നടന്.
മാത്യൂസിന്റെ അഛന് എന്ന തലത്തില്‍ നിന്നും കഥാപാത്രത്തെ ജെര്‍മിയാസായ് മാറ്റിയിരിക്കുന്നു തിലകന്. കവിയൂര്‍ പൊന്നമ്മയുടേയും സുകുമാരിയുടേയും അഭിനയത്തില്‍ പരാമര്‍ശിക്കതക്കതായ് ഒന്നും തന്നെയില്ല. ഡൈ ചെയ്ത കറുത്തിരുണ്ട മുടിക്കെട്ട് രണ്ട് കഥാപാത്രങ്ങള്‍ക്കും യോജിക്കാത്തതാണെന്ന് കാഴ്ചയിലെവിടെയോ ഓര്‍ത്തിരുന്നു.
ലക്ഷിറായിയുടെ സുനിതവക്കീല്‍ തരക്കേടില്ലെങ്കിലും പരിമിതമായ ഭാവങ്ങള്‍ മാത്രം മുഖത്ത് പ്രകാശിപ്പിക്കാനുള്ള അഭിനേത്രിയുടെ കഴിവുകേട് കാരണം പ്രേക്ഷകനില്‍ യാതൊരു ചലമുണ്ടാക്കുന്നില്ല. അമ്മയോട് ‘മാത്യൂസിനെ പോലുള്ളവരെ സഹായിക്കുന്നത് പച്ചക്കറിയുടെ തീ പൊള്ളിക്കുന്ന വിലയിലുരുകുന്ന സാധാരണക്കാരുടെ ആവശ്യമാണെ‘ന്ന് പറയുന്ന രംഗത്തിലാണെന്ന് തോന്നുന്നു, ലക്ഷ്മിയുടെ ഡബ്ബിങ് തീരെ സിങ്ക് ചെയ്യുന്നില്ല. കാണാനഴകുണ്ടെങ്കിലും അഭിനയമേഖലയില്‍ ഇനിയുമൊരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു ഈ നടിക്ക്.
മാധ്യമപ്രവര്‍ത്തകയായ ബെറ്റ്സിയായ് പ്രിയങ്കയും എസ്.എഫ്.സി മാനേജര്‍ മരിയയായ് ലക്ഷ്മി ഗോപാലസ്വാമിയും തരക്കേടില്ല. ലക്ഷ്മി ഗോപാലസ്വാമിയുടെ കണ്ണു കൊണ്ടും മുഖപേശികള്‍ കൊണ്ടുമുള്ള “മുദ്രകള്‍” (ബോയ്ഫ്രണ്ടും കൊച്ചു കൊച്ചു സന്തോഷങ്ങളും ഓര്‍ക്കുക) അധികമില്ല എന്നത് ശുഭകരമായ പുരോഗതിയാണ്.
സിനിമയിലെ നര്‍മ്മരസം നിറഞ്ഞ് രംഗങ്ങളിലേറേയും ഭുവനചന്ദ്രന് എന്ന ആധാരമെഴുത്തുകാരന്‍ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുമ്പോഴാണ്. കേരളാ കഫേയിലെ ജി.കെയില്‍ നിന്നും ഭുവനചന്ദ്രനിലേക്ക് വരുമ്പോള്‍ ജഗതി ശ്രീകുമാര്‍ എന്ന നടന്റെ അയത്നലളിതമായ കൂടു വിട്ടു കൂടു മാറല്‍ പ്രക്രിയ നമ്മെ അത്ഭുതപ്പെടുത്തും. പ്രബലന്‍ എന്ന അമിക്കസ് ക്യൂറിയായ് ശ്രീനിവാസനും നമ്മെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നു.
മാത്യൂസിന്റെ പണിക്കാരന് (അനൂപ് ചന്ദ്രന്), ടൌണ്‍ഷിപ്പ് കമ്മറ്റി പ്രെസിഡന്റ് കൂടിയായ പള്ളിയിലച്ചന്, ടൌണ്‍ഷിപ്പ് വന്നാല്‍ മാത്രമേ പണിക്ക് പോവൂ എന്ന് വാശിയില്‍ നില്കുന്ന ഭര്‍ത്താവും ഭാര്യയും, വരാന്‍ പോകുന്ന ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റലിലെ ലോണ്ടി ജോബിനായ് കാത്തിരിക്കുന്ന അലക്കുകാരന്, (ഭാവി) സെക്യൂരിറ്റിക്കാരന്, റിയല്‍എസ്റ്റേറ്റ് ഏജന്റ് കൂടിയായ കൃഷി ഓഫീസര്‍, എസ്.എഫ്.സി ജീവനക്കാരനായ ലംബോധരന്, ആലുവാ ചണ്ടിയുടെ അഡ്വേക്കറ്റ് (രാജു), താലൂക്ക് ഓഫീസര്‍ (ഇന്നസെന്റ്), ജെര്‍മിയാസിന്റെ വകയിലെ അനിയന് (പ്രേം പ്രകാശ്), കളക്ടര്‍ (ഗീതാവിജയന്‍), വില്ലേജ് ഓഫീസര്‍ (ഇടവേള ബാബു), മാത്യൂസിന്റെ സുഹൃത്തായ സുധീര്‍ (ശങ്കര്‍) തുടങ്ങിയ മറ്റനേകം കഥാപാത്രങ്ങളും സിനിമയിലുണ്ട്. ചെറിയ ചെറിയ കഥാപാത്രങ്ങള്‍ക്കിടയിലുള്ള സംഭാഷണങ്ങളിലെ (ആക്ഷേപ)ഹാസ്യം രസിപ്പിക്കുന്നവയാണ്.
പാട്ടുകളൊന്നും ഉള്‍ക്കൊള്ളിക്കാഞ്ഞ സിനിമയില്‍ പശ്ചാത്തലസംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പ് കഥയ്ക്കനുസൃതമാണ്. ദിവാകര്‍ പകര്‍ത്തിയ രംഗങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നത് രഞ്ജന്‍ എബ്രഹാം ആണ്. കഥയുടെ ലാളിത്യമാര്‍ന്ന പരിസരങ്ങള്‍ ലളിതമായ് - പ്രേക്ഷകന് തലവേദന ഉണ്ടാക്കുന്ന ഗിമ്മിക്കുകള്‍ക്കൊന്നും പോവാതെ - കാഴ്ചയൊരുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
സിനിമയുടെ അമരക്കാരന് സംവിധായകനെങ്കിലും ശരിക്കും താരം രചയിതാവാണ്. കഥയുടെ പുതുമയും തിരനാടകത്തിന്റെ രസകരമായ ഒഴുക്കും ജെയിംസിലെ കഥപറച്ചിലുകാരനെ കുറിച്ചുള്ള നമ്മുടെ മതിപ്പു വര്‍ധിപ്പിക്കുന്നു.‘ഗോസ്ലാ കാ ഘോസ്ലാ’ എന്ന ഹിന്ദി ചിത്രവുമായ് (ഇത് പിന്നെ ‘പൊയ് സൊല്ല പോറോം‘ എന്ന പേരില്‍ പ്രിയദര്ശന് തമിഴില്‍ നിര്‍മ്മിക്കുകയുണ്ടായി) ഈ സിനിമയ്ക്കുള്ള സാദൃശ്യം ‘റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ തെമ്മാടിത്തരത്തിന് ഇരയാവുന്ന സാധാരണക്കാരന്റെ പ്രതിരോധം’ എന്നതിലൊതുങ്ങുന്നു. ബെറ്റ്സിയും മാത്യൂസും തമ്മിലുള്ള രംഗം, ജെര്‍മിയാസിനെ പോലീസ് അറസ്റ്റ് ചെയ്യാന്‍ വരുന്ന രംഗം തുടങ്ങിയ ചില രംഗങ്ങളില്‍ മെലോഡ്രാമയുടെ അളവ് മുഴച്ച് നില്ക്കുന്നെങ്കിലും, മൂലകഥയിലേക്ക് കേരളത്തിന്റെ ഭക്ഷ്യക്ഷാമത്തെ കുറിച്ചും വികസനപദ്ധതിപ്രവര്‍ത്തനത്തെ പറ്റിയുള്ള ജനങ്ങളുടെ വസ്തുനിഷ്ഠമല്ലാത്ത അഭിപ്രായപ്രകടനങ്ങളെ കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ രസകരമായ് തുന്നി ചേര്‍ത്തിരിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു ജെയിംസ്. തിരക്കഥയുടെ സാദ്ധ്യതകള്‍ റോഷന് നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കഥാപരിസരത്തിലുള്ള മാറ്റം കൊണ്ടോ എന്തോ മുന്‍ചിത്രങ്ങളെ അപേക്ഷിച്ച് “ഒരു റോഷന് ടച്ച്” നമുക്ക് ഫീല്‍ ചെയ്യുന്നില്ല. ഇതൊരു പക്ഷെ സംവിധായകന്റെ വിജയവുമാകാം!
- ചില രംഗങ്ങളിലെ അനാവശ്യ മെലോഡ്രാമ
വാല്‍ക്കഷ്ണം: ചെയ്ത മൂന്നു സിനിമകളും നന്നാക്കിയ തിരക്കഥാക്കൃത്തും സംവിധായകനും തങ്ങളില്‍ നിന്നും ഇനിയുമേറെ നല്ല സിനിമകള്‍ പ്രതീക്ഷിക്കാമെന്ന് നമ്മെ കൊണ്ട് തോന്നിപ്പിക്കുന്നു എന്നതാണ് കാഴ്ചാവസാനം എനിക്ക് തോന്നിയത്. കച്ചവടസിനിമയുടെ ഫോര്‍മാറ്റില്‍ നിന്ന് കൊണ്ട് സ്ഥിരം ഫോര്‍മുല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ് ചിന്തിച്ച ഇരുവര്‍ക്കും ദൃശ്യന്റെ വക ഇമ്മിണി ബല്യ ഒരു താങ്ക്സ്!
Labels: Ividam Swargamanu Review, ദൃശ്യന്‍, റിവ്യൂ, ഇവിടം സ്വര്‍ഗ്ഗമാണ് , സിനിമ, സിനിമാ നിരൂപണം
@---------------------------------------------------------------------------------------------------------------@
വാല്‍ക്കഷ്ണം: ചെയ്ത മൂന്നു സിനിമകളും നന്നാക്കിയ തിരക്കഥാക്കൃത്തും സംവിധായകനും തങ്ങളില്‍ നിന്നും ഇനിയുമേറെ നല്ല സിനിമകള്‍ പ്രതീക്ഷിക്കാമെന്ന് നമ്മെ കൊണ്ട് തോന്നിപ്പിക്കുന്നു എന്നതാണ് കാഴ്ചാവസാനം എനിക്ക് തോന്നിയത്. കച്ചവടസിനിമയുടെ ഫോര്‍മാറ്റില്‍ നിന്ന് കൊണ്ട് സ്ഥിരം ഫോര്‍മുല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ് ചിന്തിച്ച ഇരുവര്‍ക്കും ദൃശ്യന്റെ വക ഇമ്മിണി ബല്യ ഒരു താങ്ക്സ്!
Labels: Ividam Swargamanu Review, ദൃശ്യന്‍, റിവ്യൂ, ഇവിടം സ്വര്‍ഗ്ഗമാണ് , സിനിമ, സിനിമാ നിരൂപണം
@---------------------------------------------------------------------------------------------------------------@
11 comments:
ഭ്രമരത്തിനു ശേഷം മോഹന്‍ലാല്‍ എന്ന നല്ല നടനെ നാം ഒരിക്കല്‍ കൂടി കാണുന്ന “ഇവിടം സ്വര്‍ഗ്ഗമാണ്” മണ്ണിനെ സ്നേഹിക്കുകയും സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു കര്‍ഷകന്റെ ലളിതമായ കഥ സരസമായ് പറയുന്നു. ചെയ്ത മൂന്നു സിനിമകളും നന്നാക്കിയ തിരക്കഥാക്കൃത്തും സംവിധായകനും തങ്ങളില്‍ നിന്നും ഇനിയുമേറെ നല്ല സിനിമകള്‍ പ്രതീക്ഷിക്കാമെന്ന് നമ്മെ കൊണ്ട് തോന്നിപ്പിക്കുന്നു എന്നതാണ് കാഴ്ചാവസാനം എനിക്ക് തോന്നിയത്.
കൂടുതല്‍ സിനിമാക്കാഴ്ച യില്‍.
സസ്നേഹം
ദൃശ്യന്‍
പതിവു പോലെ നല്ല റിവ്യൂ...വളരെയധികം നന്ദി ദൃശ്യൻ..
പുതുവത്സരാശംസകൾ..
:-)
വളരെ രസമായി എഴുതിയിരിക്കുന്നു. നായികമാരില്‍ അനായാസമായി ചെയ്തിരിക്കുന്നത് പ്രിയങ്കയാണെന്നു തോന്നുന്നു. +-ല്‍ ജഗതിയേയും ചേര്‍ക്കാവുന്നതാണ്. വലിച്ചുവാരിയുള്ള സംഭാഷണങ്ങളുടെ കാര്യത്തില്‍ മാത്രം ജയിംസ് ആല്‍ബര്‍ട്ടിനോട് പരിഭവമുണ്ട്.
ലക്ഷ്മിറായുടെ വക്കീല്‍ കഥാപാത്രം പച്ചക്കറി വിലയെക്കുറിച്ച് പറഞ്ഞതില്‍ എനിക്കും എന്തോ കുഴപ്പം ഫീല്‍ ചെയ്തിരുന്നു. പറഞ്ഞതിന്റെയൊരു ഫീല്‍ അങ്ങോട്ടു വന്നില്ല. ശരിക്കും അതൊരു ക്ലാസിക് ഡയലോഗായി മാറേണ്ടതായിരുന്നു ചിത്രത്തില്‍.
--
ഈ ചിത്രത്തെക്കുറിച്ചു മറ്റൊരു നല്ല റിവ്യൂ കൂടി..
അടുത്തത് കാസനോവയാണ് റോഷന് ചെയ്യണത്..പേര് കളയുമോ?
ദൃശ്യന്‍ പറഞ്ഞപ്പോഴാണ് അതോര്‍ത്തത് ഭ്രമരവും, ഇവിടം സ്വര്‍ഗ്ഗമാണ്, ഇവ രണ്ടും മാത്രമേയുള്ളുവല്ലേ ലാലേട്ടന്റെ നല്ല സിനിമകള്‍
നന്ദി ബിന്ദൂ....പുതുവത്സരാശംസകള്‍...
‘ചെലക്കാണ്ട് പോടാ‘, രണ്ടെണ്ണം ഉണ്ടല്ലോ എന്നാണെന്റെ ആശ്വാസം!
ഹരീ, പ്രിയങ്ക തരക്കേടില്ല. ലക്ഷ്മി റായിയെ എനിക്കത്ര പഥ്യം പോറാ... ജഗതി നന്നായിട്ടുണ്ട്, കൂടുതല്‍ എനിക്ക് ഇഷ്ടപ്പെട്ടത് മറ്റു രണ്ട് പേറായത് കൊണ്ട് +ല്‍ ഇട്ടില്ല എന്നേ ഉള്ളൂ (രണ്ടേ പാടൂ എന്ന് ഒരു നിയമവുമില്ലാട്ടോ).
ഹരിയുടെ പുതിയ ഫോര്‍മാറ്റില്‍ എനിക്ക് കമന്റ് ഇടാന്‍ പറ്റുന്നില്ല...’പോസ്റ്റ് എ കമന്റ്’ എന്ന സ്ഥലത്ത് ലിങ്കുകളൊന്നും ഇല്ല.... എന്തെങ്കിലും വഴിയുണ്ടോ?
സസ്നേഹം
ദൃശ്യന്‍
കമന്റ് ബോക്സിന് പ്രശ്നമൊന്നുമില്ലല്ലോ! ഏതു ബ്രൌസര്‍ / ഒ.എസ്.? ഫയര്‍ഫോക്സ് ഉപയോഗിച്ചു നോക്കൂ.
--
പടം കണ്ടു.. ശരാശരിയിലും ഉയർന്ന നിലവാരം ഉണ്ട്. എടുത്തു പറയേണ്ടതു ലാലു അലക്സ് തന്നെയാണു. തകർത്ത് തരിപ്പണമാക്കിയിരിക്കുന്നു പഹയൻ...:) ഇന്നസെന്റ് സ്വൽപ്പം അരോചകമായി തോന്നി.നല്ല പ്രമേയം. തിരക്കഥാകൃത്തു നന്നായി ഗൃഹപാഠം ചെയ്തിട്ടുണ്ട്.
പിന്നെ ലാലേട്ടൻ... പ്രേക്ഷകർ കാണാനാഗ്രഹിക്കുന്ന ഇത്തരം കഥാപാത്രങ്ങളെക്കുറിച്ചു ഒരു ബോധോധയം ഉണ്ടായിട്ടുണ്ടെങ്കിൽ ഇനി വരുന്ന വർഷം ലാലേട്ടന്റെയാണു.... :)
പതിവു പോലെ നല്ല റിവ്യൂ.. എങ്കിലും ഇത്രയും പോസിറ്റീവ്സ് പറഞ്ഞിട്ടും മാര്‍ക്ക് 6.66 മാത്രമേ ഉള്ളല്ലോ.. തിരക്കഥയ്ക്കും അഭിനയത്തിനും ഓരോ പോയിന്റ് കൂടെ ആവാമായിരുന്നു എന്ന് തോന്നി. :)
ജഗതിയും ലാലു അലക്സും തകര്‍ത്തു കളഞ്ഞു..! മോഹന്‍ലാല്‍ സന്തോഷത്തെക്കാളേറെ ആശ്വാസമാണ് നല്‍കിയത്..
Nalla Review.....appol ee cinema miss cheyyan paadilla....
'Avatar' kandu, satyamayittu enikku Matrix & Vietnam Colony -de oru clone poleyanu thonniyathu, I think its a bit too hyped...
ദൃശ്യന്‍:
രസമായി വായിച്ചു.
ഹരീ:
"വലിച്ചുവാരിയുള്ള സംഭാഷണങ്ങളുടെ കാര്യത്തില്‍ മാത്രം ജയിംസ് ആല്‍ബര്‍ട്ടിനോട് പരിഭവമുണ്ട്..."
കഥാപ്രസംഗം ആയെന്നാണോ?
ചിത്രം കണ്ടിരുന്നു... നഷ്ടമായില്ല.
Post a Comment